മണൽ വാരി പണമുണ്ടാക്കാൻ സർക്കാർ , ഡാമുകളിലെ മണല്‍വാരല്‍; ടെൻഡര്‍ ഉടൻ

കോട്ടയം: കെ.എസ്.ഇ.ബിയുടെ കീഴിലുള്ള കല്ലാർക്കുട്ടി ഡാമില്‍നിന്നും വെളളത്തൂവല്‍ ചെക്ക് ഡാമില്‍നിന്നും മണല്‍ വാരാനുള്ള പദ്ധതിക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റിയുടെ അംഗീകാരം. .എസ്.ഇ.ബി സമർപ്പിച്ച വിശദപദ്ധതി രേഖയും (ഡി.പി.ആർ) ടെക്നിക്കല്‍ റിപ്പോർട്ടും കമ്മിറ്റി അംഗീകരിച്ചതോടെ ഫയല്‍ ധനവകുപ്പിന്‍റെ പരിഗണനക്കായി കൈമാറിയിരിക്കുകയാണ്. ധനവകുപ്പ് അനുമതി നല്‍കിയാലുടൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് (കെ.ഐ.ഐ.ഡി.സി) ടെൻഡർ വിളിക്കും. ഇരുഡാമുകളിലുമായി കോടികളുടെ മണ്ണും ചെളിയുമുണ്ടെന്നാണ് വിലയിരുത്തല്‍. മണല്‍ വില്‍പനയിലൂടെ ലഭിക്കുന്ന തുകയില്‍ 20 ശതമാനം റോയല്‍റ്റിയായി സർക്കാർ കെ.എസ്.ഇ.ബിക്ക് കൈമാറും. ഡാമുകളുടെ പരിപാലനത്തിന് ഈ തുക ഉപയോഗിക്കാനാണ് ധാരണ. കെ.എസ്.ഇ.ബി ഡാമുകളുടെ ചുമതലയുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷൻ നേരത്തെ നടത്തിയ പഠനത്തില്‍ കല്ലാർകുട്ടി അണക്കെട്ടിന്‍റെ സംഭരണശേഷിയില്‍ 43 ശതമാനത്തിന്‍റെ കുറവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ മണല്‍വാരാൻ തീരുമാനിച്ചത്. ചെക്ക് ഡാമാണെങ്കിലും ജലവൈദ്യൂതി ഉല്‍പാദനം നടക്കുന്നതിനാലാണ് വെള്ളത്തൂവലില്‍നിന്ന് മണ്ണലും ചെളിയും മാറ്റുന്നത്.അതേസമയം, വൈദ്യൂതി ബോർഡിന്‍റെ കീഴിലുള്ള 18 അണക്കെട്ടുകളില്‍ 16ലും ജലം സംഭരിക്കാനുള്ള അളവില്‍ വലിയ മാറ്റമില്ലെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. വലിയ അണക്കെട്ടുകളായ ഇടുക്കി, കക്കി, ഇടമലയാർ, ബാണസുര സാഗർ എന്നിവയുടെ നിലവിലെ സംഭരണശേഷി കേന്ദ്ര ജലകമീഷൻ കണ്ടെത്തിയപ്പോള്‍ ചെറുഡാമുകളില്‍ ഡാം സേഫ്റ്റി ഓർഗനൈസേഷൻ നിയോഗിച്ച സ്വകാര്യകമ്ബനിയാണ് പഠനം നടത്തിയത്. നിർമാണഘട്ടവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇടുക്കി-5.35 ശതമാനം, കക്കി-7.78, ഇടമലയാർ-2.69 എന്നിങ്ങനെയാണ് സംഭരണശേഷിയിലുണ്ടായ കുറവ്. ഇത് കണക്കിലെടുത്ത് വലിയ ഡാമുകളുടെ ആഴം കൂട്ടേണ്ടെന്ന് കമീഷൻ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഡാമുകളുടെ അടിത്തട്ടില്‍ വലിയതോതില്‍ ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് സംഭരണശേഷിയെ ബാധിച്ചെന്നുമുള്ള നിഗമനങ്ങളിലായിരുന്നു പഠനം. ഇതിന് വിരുദ്ധമായിരുന്നു പഠനറിപ്പോർട്ട്. കെ.എസ്.ഇ.ബി ഡാമുകളിലേക്കുള്ള നീരൊഴുക്ക് പ്രധാനമായും വനമേഖലകളില്‍നിന്നായതിനാലാകാം വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടാത്തത് എന്നാണ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ അധികൃതർ പറയുന്നത്.തുടർന്ന് റിപ്പോർട്ട് വിലയിരുത്തി നാലിടങ്ങളില്‍നിന്ന് മാത്രം മണലും ചെളിയും നീക്കാൻ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു. കല്ലാർക്കുട്ടിയില്‍നിന്നും വെളളത്തൂവല്‍ ചെക്ക് ഡാമില്‍നിന്നുമുള്ള മണല്‍ നീക്കം വിജയകരമായാല്‍ സംഭരണത്തില്‍ 15 ശതമാനം കുറവ് കണ്ടെത്തിയിട്ടുള്ള മൂഴിയാർ, ലോവർ പെരിയാർ ഡാമുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Feb 24, 2025 - 12:43
Feb 24, 2025 - 12:44
 0  7
മണൽ വാരി പണമുണ്ടാക്കാൻ സർക്കാർ ,  ഡാമുകളിലെ മണല്‍വാരല്‍; ടെൻഡര്‍ ഉടൻ

What's Your Reaction?

like

dislike

love

funny

angry

sad

wow