കേരളത്തിൽ കിഴങ്ങുവര്‍ഗ കൃഷിയോടു താത്പര്യം കുറഞ്ഞു; ഉത്പന്നങ്ങള്‍ക്ക് വിലയേറി
കാട്ടുമൃഗങ്ങളെ ഭയന്ന് കിഴങ്ങുവർഗ കൃഷിയില്‍ നിന്നു കർഷകർ പിന്തിരിഞ്ഞതോടെ ഉത്പന്നങ്ങള്‍ക്ക് ക്ഷാമം. മലയോരത്തെ കൃഷിയിടങ്ങളില്‍ ഒരുകാലത്ത് വിളവെടുത്തിരുന്ന ചേന, ചേന്പ്, മധുരക്കിഴങ്ങ്, കാച്ചില്‍, ഇഞ്ചി തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇവയുടെ കൃഷിയില്‍ നിന്നും കർഷകർ പിന്തിരിഞ്ഞു തുടങ്ങിയതോടെ വിപണിയിലേക്ക് ഉത്പന്നങ്ങളും എത്തുന്നില്ല. കൃഷിയിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്നവർക്ക് വിത്തുവിളകളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കാട്ടുമൃഗങ്ങളില്‍ നിന്നും സംരക്ഷിച്ചു നിർത്തി വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കണമെന്നതിനാല്‍ വില താഴ്ത്തി നല്‍കാൻ കർഷകരും തയാറാകുന്നില്ല. കാലാവസ്ഥ വ്യതിയാനവും കർഷകർക്കു വെല്ലുവിളിയാണ്. പകല്‍ച്ചൂടിന്‍റെ കാഠിന്യം ഏറിയതും പിന്നാലെ കാലംതെറ്റി പെയുന്ന മഴയുമെല്ലാം ഉത്പാദനത്തെ ബാധിക്കും. ചേന പ്രധാന താരം വിപണിയില്‍ ചേനയ്ക്കാണ് വില കുത്തനെ ഉയർന്നത്. കർഷകന് കിലോഗ്രാമിന് 55 - 70 രൂപ ലഭിക്കുന്നുണ്ട്. 90 - 110 രൂപയാണ് വില്പന വില. വിത്തിനങ്ങള്‍ക്കായി ഇതര ജില്ലകളില്‍ നിന്നും ചേന എത്തിച്ചു വില്പന നടത്തുന്നുണ്ട്. അടുത്തയാഴ്ച നടക്കുന്ന ഓമല്ലൂർ വയല്‍വാണിഭം കൂടി ലക്ഷ്യമാക്കി വിത്തിനങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. കാച്ചിലിന് 80 - 90 രൂപയാണ് കിലോഗ്രാമിന് വില. വ്യത്യസ്ത ഇനം കാച്ചിലുകളാണ് ഉള്ളത്. ഇവയാകട്ടെ വിത്തുത്പന്നങ്ങളായി വാങ്ങുന്നവർ ഉണ്ട്. മധുരക്കിഴങ്ങ് 70 രൂപയ്ക്കാണ് വില്‍ക്കുന്നത്. ശീമച്ചേന്പ് വിത്തിന് കിലോഗ്രാമിന് 80 രൂപയും നടാനുള്ള തടയ്ക്ക് 40 രൂപയുമാണ് വില. ഇഞ്ചിക്ക് കിലോഗ്രാമിന് 80 രൂപ വിലയുണ്ട്. ഇഞ്ചി വില നേരത്തെ തന്നെ ഉയർന്നു നില്‍ക്കുകയാണ്. വിത്തിനം ഇഞ്ചിക്ക് ഇനി വില കൂടിയേക്കും. കാട്ടുപന്നിക്കും ഇഷ്ടവിഭവം മലയോര കർഷകരെ കൃഷിയിടത്തില്‍ നിന്നു തന്നെ കുടിയിറക്കിയത് കാട്ടുപന്നികളാണ്. ഇതില്‍ തന്നെ ഇവ മൂലം ഏറ്റവുമധികം നഷ്ടം നേരിട്ടത് കിഴങ്ങുവർഗ കർഷകരെയാണ്. മരച്ചീനി, ചേന്പ്, ചേന, മധുരക്കിഴങ്ങ് എന്നിവയോടാണ് കാട്ടുപന്നികള്‍ക്ക് ഏറെ താത്പര്യം. കാട്ടുപന്നി ആക്രമണത്തില്‍ നിന്നും കിഴങ്ങുവർഗകൃഷിക്കു സംരക്ഷണം നല്‍കുകയെന്നത് കർഷകർക്കു വെല്ലുവിളിയായി മാറി. ഇതോടെ കൃഷി ഉപേക്ഷിക്കുകയല്ലാതെ തരമില്ലാതായി. കിഴങ്ങുവർഗ കൃഷി വൻതോതില്‍ കുറയാനും ഇതു കാരണമായി. മരച്ചീനി മാത്രമാണ് മൊത്തമായി കൃഷി ചെയ്യുന്നത്. പന്നി കൃഷിയിടത്തില്‍ പ്രവേശിക്കാതിരിക്കാനുള്ള സംരക്ഷണ വേലി അടക്കം നിർമിച്ചാണ് കൃഷി നടത്തിയിട്ടുള്ളത്. ഇഞ്ചി കൃഷിയെയും കാട്ടുപന്നി ആക്രമിക്കാറുണ്ട്. ഇഞ്ചി തടമെടുത്ത് നടുന്നതിനു പിന്നാലെ കാട്ടുപന്നി എത്തി ഉഴുതുമറിക്കുന്നതാണ് കണ്ടുവരുന്നത്. കാട്ടുകോഴി അടക്കമുള്ളവയും കിഴങ്ങുവർഗ കൃഷിക്കു നാശം ഉണ്ടാക്കാറുണ്ട്. കാട്ടാന പ്രവേശിക്കുന്ന ഇടങ്ങളില്‍ ഇവ കൃഷിയിടങ്ങള്‍ ചവിട്ടി മെതിക്കുന്നതും പതിവുസംഭവം. അധ്വാനഭാരം ഏറി വേനല്‍മഴ ലഭിച്ചതിനു പിന്നാലെ കിഴങ്ങുവർഗ കൃഷിയിലേക്ക് കർഷകർ തിരിയാറുണ്ടെങ്കിലും അധ്വാനഭാരം ഏറെയാണെന്ന് പറയുന്നു. കൃഷിയിടങ്ങളില്‍ കാട്ടുമൃഗങ്ങള്‍ കടക്കാതെ സംരക്ഷിച്ചു നിർത്തുകയെന്നതു ഭാരിച്ച ജോലിയാണ്. കൊണ്ടും സോളാർ വേലി കൊണ്ടും മറ തീർത്താണ് കൃഷിയിലേക്ക് കടക്കാറുള്ളത്. കാട്ടുമൃഗ ആക്രമണം രൂക്ഷമായ മേഖലകളില്‍ കൃഷി ഇറക്കാതെ തരിശുകിടക്കുന്നതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അധ്വാനം കൂടുതലാണ്. കൃഷിച്ചെലവുകളിലും വർധനയുണ്ടായി. അധ്വാനഭാരവും ചെലവും ഏറിയതിനാല്‍ ന്യായവില കർഷകനു ലഭിച്ചേ മതിയാകൂവെന്ന് മൈലപ്ര കർഷക കൂട്ടായ്മ കണ്‍വീനർ ഗീവർഗീസ് തറയില്‍ അഭിപ്രായപ്പെട്ടു. കിഴങ്ങുവർഗ കൃഷിയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും എത്തിച്ചു നല്‍കാൻ ക്രമീകരണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ചേനയും കാച്ചിലും ഇഞ്ചിയും അടക്കം വാങ്ങി കർഷക കൂട്ടായ്മ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

What's Your Reaction?






