വിമാനയാത്ര എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ഓട്ടോറിക്ഷ ഡ്രൈവർമാർ: സ്നേഹധാര ചാരിറ്റബിൾ ട്രസ്റ്റ് മാതൃകയാകുന്നു
മരങ്ങാട്ടുപിള്ളി: ചിരകാല അഭിലാഷം ആയിരുന്ന വിമാനയാത്ര എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി സ്നേഹധാര ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ. ഏതാണ്ട് അമ്പതോളം അംഗങ്ങളുള്ള സ്നേഹധാര ചാരിറ്റബിൾ ട്രസ്റ്റ് മരങ്ങാട്ടുപിള്ളിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന സംഘടനയാണ്. കോവിഡ് കാലത്തും അതിനുശേഷം സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവരാണ് സ്നേഹധാര ഓട്ടോറിക്ഷ തൊഴിലാളികൾ. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി തങ്ങളുടെ ചിലകാല അഭിലാഷം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അവർ. കൂട്ടായ പ്രവർത്തനത്തിനിടയിൽ ഉരുത്തിരിഞ്ഞുവന്ന വിമാനയാത്ര എന്ന സ്വപ്നം ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒരുമിച്ച് യാത്ര ചെയ്ത് അവരവരുടെ ആഗ്രഹം പൂർത്തിയാക്കി. 23 പേർ അടങ്ങുന്ന സംഘമാണ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടത്. തിരുവനന്തപുരത്ത് വിഴിഞ്ഞവും കോവളവും കണ്ട് വൈകിട്ട് അവർ മരങ്ങാട്ടുപിള്ളിയിലെ സ്വന്തം വസതിയിലേക്ക് മടങ്ങും. ആറുമാസകാലത്തെ തങ്ങളുടെ തുച്ഛമായ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച തുക കൊണ്ടാണ് വിമാന യാത്രയ്ക്കുള്ള പണം അവർ കണ്ടെത്തിയത്. എന്നാൽ തങ്ങളുടെ സേവന സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒരു കോട്ടവും വരുത്താതെയാണ് വിമാനയാത്രക്കുള്ള പണം ഒരു കൂട്ടിയത് എന്നത് അവരുടെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്.
What's Your Reaction?