40 ശതമാനം കയറ്റുമതിച്ചുങ്കം; പ്രതിഷേധവുമായി കര്‍ഷകര്‍

സവാള കയറ്റുമതിക്ക് 40 ശതമാനം ചുങ്കം ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കര്‍ഷകസംഘടനകള്‍ക്കു പ്രതിഷേധം.

Aug 21, 2023 - 18:44
 0  47
40 ശതമാനം കയറ്റുമതിച്ചുങ്കം; പ്രതിഷേധവുമായി കര്‍ഷകര്‍
മുംബൈ: സവാള കയറ്റുമതിക്ക് 40 ശതമാനം ചുങ്കം ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കര്‍ഷകസംഘടനകള്‍ക്കു പ്രതിഷേധം.
കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ചു മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറില്‍ കര്‍ഷകര്‍ സവാളയുടെ ലേലം നിര്‍ത്തിവച്ചു. മൊത്തവിപണിയിലേക്കു സവാള നല്‍കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണു റാഹുരി ടെഹ്സിലിലേത്.

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുകയാണെന്നും കര്‍ഷക സംഘടനാ നേതാവ് സന്ദീപ് ജഗ്തപ് പറഞ്ഞു. സവാള കയറ്റുമതി കര്‍ഷകര്‍ക്കു വലിയ നേട്ടമായിരുന്നു. എന്നാല്‍ ചുങ്കം ചുമത്തിയതിലൂടെ കയറ്റുമതി തടയപ്പെട്ടു. ആഭ്യന്തര വിപണിയിലെ സവാള വില ഇടിയാൻ സര്‍ക്കാര്‍ തീരുമാനം കാരണമാകും. കര്‍ഷകര്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്‌ട്രയുടെ വിവിധ മേഖലകളില്‍ ഇക്കുറി മഴലഭ്യത കുറവായിരുന്നു. ഇത് സവാളയുടെ വരവ് കുറയാൻ കാരണമായി. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍, കര്‍ഷകരെ അവഗണിക്കുകയാണെന്നും സന്ദീപ് ജഗ്തപ് ആരോപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണു സവാള കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാര്‍ വൻതുക ചുങ്കം ചുമത്തിയത്. ആഭ്യന്തരലഭ്യത വര്‍ധിപ്പിക്കുന്നതിനുവേണ്ടിയെന്നാണു കേന്ദ്രത്തിന്‍റെ വിശദീകരണം.

ഏഷ്യയിലെ ഏറ്റവും വലിയ സവാള മൊത്തവില്‍പ്പന കേന്ദ്രങ്ങളിലൊന്നായ മഹാരാഷ്‌ട്രയിലെ ലാല്‍ഗാവ് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ കണക്കുപ്രകാരം, ഒരാഴ്ചയ്ക്കിടെ സവാള ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വിലയില്‍ 45 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുന്പ് ക്വിന്‍റലിന് 1,500 രൂപയായിരുന്ന സവാള, കഴിഞ്ഞ ദിവസം 2,200 രൂപയ്ക്കാണു വിറ്റുപോയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow