കോട്ടയത്തിന് ഇന്ന് 75 വയസ്സ്... അക്ഷര നഗരത്തിന്റെ കഥ വായിക്കാം

കോട്ടയം കോട്ടയം ജില്ല രൂപീകരിച്ചിട്ട് ഇന്ന് 75 വർഷമാകുന്നു. കേരളത്തിലെ ഏറ്റവും പഴയ നഗരവും പിൽക്കാലത്ത് ഡിവിഷൻ ആസ്ഥാനവും അതിനു ശേഷം ജില്ലാ ആസ്ഥാനവുമായി കോട്ടയം. കോട്ടയത്തിൻ്റെ നാഗരികതയ്ക്ക് തുടക്കം കുറിച്ചത് മീനച്ചിലാറിൻ്റെ തീരത്തെ താഴത്തങ്ങാടിയിൽ നിന്നാണ്. ആദിമ ജനവാസകേന്ദ്രവും അവിടെ തന്നെയായിരുന്നു. "കിഴക്ക് തലമലക്കെട്ടും മേക്ക് പെരുമ്പാച്ചിലും വടക്ക് കാണക്കാരിക്കുന്നും തെക്ക് കൈപ്പട്ടൂർകടവും"അതിർത്തിയായി നിലനിന്ന തെക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ 1400 മുതൽ1749 വരെയുള്ള ഭരണതലസ്ഥാനമായതോടെയാണ് കോട്ടയം ഒരു പട്ടണമായി മാറിയത്. AD 1550 ൽ കോട്ടയത്തെ ആദ്യത്തെ ക്രൈസ്തവദേവാലയമായ വലിയപള്ളിക്കായി അന്നത്തെ തെക്കുംകൂർ രാജാവായ ആദിത്യവർമ്മ കരമൊഴിവായി ഭൂമി നൽകിയതിന്റെ പ്രമാണത്തിലാണ് "കോട്ടയകം" എന്ന സ്ഥലനാമം ആദ്യമായി രേഖപ്പെടുത്തി കണ്ടിരിക്കുന്നത്. "കൊല്ലം ൭൨൫ മാണ്ടു മീനഞായറ്റില്‍ എഴുതിയ കാരാണ്മയോലക്കാര്യമാവിതു വെണ്പലനാട്ടുടയ കേരളര് ആതിച്ചവര്‍മ്മര് കോവില്‍ അതികാരികളും അനന്തിരവനായ ഇരവി മണികണ്ടര് കോവില്‍ അതികാരികളും തങ്ങള്‍ക്കുള്ള കോട്ടയകത്ത് വെറ്റാര്‍കുന്നാകുന്ന പറമ്പില്‍ വടക്കേഭാഗത്ത്പള്ളി വൈപ്പാനും ....." എന്നാണ് വട്ടെഴുത്തിലുള്ള ആ രേഖയിൽ കാണുന്നത്. പോർച്ചുഗീസുകാരുടെ രേഖകളിലാകട്ടെ Cottaty (കൊട്ടാറ്റി) എന്നാണ് കോട്ടയത്തെ പരാമർശിക്കുന്നത്. CE1664 ലെ വ്യാപാരക്കരാറോടു കൂടി കോട്ടയത്ത് എത്തിയ ഡച്ചുകാരാവട്ടെ cottate (കൊട്ടാത്തെ) എന്നാണ് വിളിച്ചിരുന്നത്. കോട്ടയത്തെ, കോട്ടയത്ത് എന്നിങ്ങനെ നാട്ടുകാരുടെ പ്രയോഗങ്ങൾ കേട്ടിട്ടാവണം ലന്തക്കാർ അങ്ങനെ വിളിക്കാനിടയായത്. ഹേഗിലെ നാഷണൽ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്ന AD 1695ൽ നിർമ്മിച്ച ഒരു ഡച്ചു മാപ്പിൽ "Basaar Cottate" എന്നാണ് താഴത്തങ്ങാടിയെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് മിഷണറിമാരുടെ എഴുത്തുകുത്തുകളിൽ Cotym എന്നാണ് കാണുന്നത്. പിൽക്കാല രേഖകളിൽ Cottayam എന്ന് മാറ്റിയെഴുതി. കോട്ടയം എന്ന പേരിന്റെ തുടക്കം കോട്ടയകം എന്നതിൽ നിന്നാണല്ലോ. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെക്കുംകൂർ രാജവംശം തളിയന്താനപുരം എന്നറിയപ്പെട്ടിരുന്ന തളിയിൽകോട്ട ഭരണ തലസ്ഥാനമായി തെരഞ്ഞെടുത്തു. തളിയിൽ മഹാദേവക്ഷേത്രത്തിന് സമീപത്തായി പണിതുയർത്തിയ കൊട്ടാരങ്ങൾക്കും ഭരണകാര്യാലയങ്ങൾക്കും സംരക്ഷണമായി തളിയിൽകുന്നിന്റെ മുകളിൽ ചുറ്റിലുമായി ചെങ്കല്ലുപയോഗിച്ച് കോട്ട കെട്ടിയുണ്ടാക്കി. ഒന്നര കിലോമീറ്ററോളം ചുറ്റളവുണ്ടായിരുന്ന കോട്ടയ്ക്ക് ചുവട്ടിൽ പന്ത്രണ്ട് കോൽ വീതിയും മുകളിൽ ഏഴു കോൽ വീതിയും പന്ത്രണ്ടടിയോളം ഉയരവുമായിരുന്നു ഉണ്ടായിരുന്നത്. ആറു കൊത്തളങ്ങൾ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്നു. ചുറ്റിലുമുള്ള കിടങ്ങിൽ മുതലകളെ വളർത്തിയിരുന്നുവെന്ന് ചില പഴയ ഗ്രന്ഥങ്ങളിലെ വിവരണങ്ങളിൽ കാണുന്നു.. കോട്ടയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് പലയിടങ്ങളിലായി രഹസ്യ തുരങ്കപ്പാതകളുമുണ്ടായിരുന്നു. തെക്കുംകൂറിലെ മറ്റു പ്രദേശങ്ങളിൽനിന്ന് ഭരണതലസ്ഥാനത്തേക്ക് വരുന്നവർ കോട്ടയുടെ അകം എന്ന അർത്ഥത്തിൽ തെക്കുംകൂർ രാജധാനിയെ കോട്ടയകം എന്നു വിളിച്ചിരുന്നു. നഗരം വളർന്നതോടെ ക്രമേണ കോട്ടയ്ക്കു പുറത്തുള്ള താഴത്തങ്ങാടിയും വലിയങ്ങാടിയും പുത്തനങ്ങാടിയും ഗോവിന്ദപുരവും കാരാപ്പുഴയും വേളൂരും ചാലിയക്കുന്നുമൊക്കെ കോട്ടയകത്തിന്റെ ഭാഗമായി മാറി. AD 1749 ഡിസംബറിൽ തിരുവിതാംകൂർ സൈന്യം കോട്ട ആക്രമിച്ച് കൊട്ടാരം നശിപ്പിച്ചതോടെയാണ് തെക്കുംകൂർ കീഴടങ്ങുന്നതും തിരുവിതാംകൂറിന്റെ ആധിപത്യത്തിലാകുന്നതും. AD 1880 നോടടുത്ത് കോട്ടയം ഡിവിഷനിലെ ദിവാൻ പേഷ്കാർ സർ.ടി.രാമറാവു തകർന്നുകിടന്ന കോട്ട പൂർണ്ണമായും പൊളിച്ചുനീക്കി. അതോടെ കോട്ടയത്തിന്റെ പേരിന് കാരണമായ ചരിത്രപ്രസിദ്ധമായ തളിയിൽകോട്ട കേട്ടുകേൾവികളിൽ മാത്രമായി. സർ.ടി.രാമറാവു തിരുനക്കര കേന്ദ്രീകരിച്ച് പട്ടണം പുനർനിർവചിക്കുകയും വയസ്കരയിൽ ഡിവിഷൻ ആസ്ഥാനം (ഹജൂർ കച്ചേരി) സ്ഥാപിക്കുകയും ചെയ്തതോടെയാണ് കോട്ടയം പട്ടണത്തിന് കിഴക്കോട്ട് സ്ഥാനമാറ്റം ഉണ്ടാകുന്നത്. ഡിവിഷന്റെ പേര് കോട്ടയം എന്നായതോടെ വടക്കൻ പറവൂർ മുതൽ ചങ്ങനാശ്ശേരി വരെയും കുമളി മുതൽ കുമരകം വരെയുമുള്ള പ്രദേശത്തുള്ളവരും കോട്ടയത്തുകാരായി. പിൽക്കാലത്ത് ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ രൂപീകരണത്തോടെ ആ ജില്ലകളിലുള്ളവർ കോട്ടയത്തുകാർ അല്ലാതായി മാറി. ഇന്ന് വൈക്കം മുതൽ ചങ്ങനാശ്ശേരി വരെയും മുണ്ടക്കയം മുതൽ കുമരകം വരെയുള്ള പ്രദേശത്ത് വസിക്കുന്നവർ കോട്ടയത്തുകാരായി അറിയപ്പെടുമ്പോൾ മൂന്നു നൂറ്റാണ്ടുകൾക്ക് മുമ്പ് തളിയിൽകോട്ടയിലും അതിനു ചുറ്റുമായി താമസിച്ചിരുന്നവർ മാത്രമാണ് കോട്ടയത്തുകാരായി അറിയപ്പെട്ടിരുന്നത്.

Jul 1, 2024 - 16:02
 0  4
കോട്ടയത്തിന് ഇന്ന് 75 വയസ്സ്... അക്ഷര നഗരത്തിന്റെ കഥ വായിക്കാം
കോട്ടയത്തിന് ഇന്ന് 75 വയസ്സ്... അക്ഷര നഗരത്തിന്റെ കഥ വായിക്കാം
കോട്ടയത്തിന് ഇന്ന് 75 വയസ്സ്... അക്ഷര നഗരത്തിന്റെ കഥ വായിക്കാം

What's Your Reaction?

like

dislike

love

funny

angry

sad

wow